2011, ഡിസം 16

വിഭജനവാദം

മുല്ലപ്പെരിയാറിലെ വെള്ളം മാത്രമല്ല തമിഴ്‌നാടിന്റെ ലക്ഷ്യമെന്ന് വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. തമിഴര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമെന്ന നിലയില്‍ ഇടുക്കി ജില്ലയെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതായത്, കേരളത്തെ വിഭജിച്ച് നല്‍കണം. രണ്ട് എംപിമാര്‍ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നതും, അവര്‍ കോണ്‍ഗ്രസുകാരാണെന്നതും വിഷയത്തിന്റെ ഗൗരവം ശതഗുണീഭവിപ്പിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയുള്ള കളിയാണോ നടക്കുന്നതെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി.


മുല്ലപ്പെരിയാറില്‍ തങ്ങള്‍ പറയുന്നതു മാത്രമേ നടക്കാവൂ എന്നു ശഠിക്കുന്ന അതേ നേതാക്കള്‍ തന്നെയാണ് കേരളത്തെ വിഭജിച്ചു നല്‍കണമെന്നും പറയുന്നത്. അതിനോട് കേരള നേതാക്കള്‍ വളരെ സൗമ്യമായാണ് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. ഇടുക്കി ജില്ല കേരളത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. അതില്‍ ജയലളിതയ്‌ക്കോ ഏതെങ്കിലും തമിഴ്‌നാട്ടുകാരനോ സംശയത്തിന്റെ ആവശ്യമില്ല. അതിഥികളായെത്തി കുടുംബകാരണവരാകുന്ന ശൈലി തമിഴര്‍ പണ്ടേ നടത്തുന്നതാണ്. ശ്രീലങ്കയിലടക്കം നടന്നു വരുന്ന തര്‍ക്കങ്ങളുടെ സ്വഭാവമാണ് ഇപ്പോഴത്തെ ആവശ്യം പ്രകടമാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.


തമിഴ്‌നാടിനു ലഭിക്കുന്ന വെള്ളം കേരളത്തിന്റെ ഔദാര്യമാണ്. അത് വേണമെങ്കില്‍ സ്വീകരിക്കുക എന്നു ചങ്കൂറ്റത്തോടെ പറയാന്‍ കേരളത്തിലെ സര്‍ക്കാരിനു സാധിക്കണം. ദൗര്‍ഭാഗ്യവശാല്‍, കേന്ദ്രത്തിലെ കോണ്‍ഗ്രസുകാരുടെ കീഴ്ജീവനക്കാരുടെ റോള്‍ മാത്രം കൈകാര്യം ചെയ്തുപോരുന്ന യുഡിഎഫ് സര്‍ക്കാരിന് അതിനു സാധിക്കില്ല. തമിഴര്‍ ധാരാളമായി കുടിയേറിയിരിക്കുന്നു എന്നതിനാല്‍ ഇടുക്കി ജില്ല തങ്ങള്‍ക്കു വേണമെന്നു തമിഴ്‌നാട് നേതാക്കള്‍ പറയുമ്പോള്‍, മലയാളികള്‍ ഏറെയുളള കോയമ്പത്തൂരില്‍ കേരളത്തിനും സ്വാഭാവികമായി അവകാശവാദം ഉന്നയിക്കാം. അങ്ങനെ അതേ നാണയത്തിലുള്ള മറുപടി നല്‍കിയേ തീരൂ. ഇല്ലെങ്കില്‍, സമീപഭാവിയില്‍ത്തന്നെ കോട്ടയമടക്കം തമിഴര്‍ ഏറെ വന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രദേശങ്ങളുടെയും അധികാരം തമിഴ്‌നാട് ആവശ്യപ്പെട്ടേക്കാം.


തെരഞ്ഞെടുപ്പില്‍ ലഭിച്ചേക്കാവുന്ന ചില്ലറ വോട്ടുകളേക്കാള്‍ വലുതാണ് കേരളമെന്ന വികാരമെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിയണം. കേരളത്തിലെത്തി വന്‍കിട ബിസിനസുകള്‍ നടത്തുന്ന തമിഴരുണ്ട്. അവരുടെ കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇതേവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അതേസമയം, തമിഴ്‌നാട്ടില്‍ മലയാളികളുടെ കച്ചവടസ്ഥാപനങ്ങള്‍ പരക്കെ തകര്‍ക്കപ്പെടുന്നു. വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്. അക്രമം ഭയന്ന് മലയാളികള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഓടുന്ന കാഴ്ച ഭയാനകവും ആശങ്കാജനകവുമാണ്.


രണ്ടു സംസ്ഥാനങ്ങളാണെങ്കിലും ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണു കേരളവും തമിഴ്‌നാടും. ഇവിടെ പരസ്പരം യുദ്ധപ്രഖ്യാപനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. അതു തിരിച്ചറിയേണ്ടത് തമിഴ്‌നാടാണ്. മലയാളികളെ ആക്രമിച്ച് ഓടിച്ചാല്‍ തമിഴ്‌നാടിനു വിജയമുണ്ടാകുമെന്നു കരുതുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ഇതിനെല്ലാം യഥാര്‍ത്ഥ ഉത്തരവാദികള്‍. സോണിയാഗാന്ധിയും നിലപാടു വ്യക്തമാക്കണം. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണോ? അല്ലെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമോ?


അത് ഒരു വശത്തു നടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ച കേരള നേതാക്കളുടെ കണക്കെടുപ്പു നടത്തുന്നുണ്ടു ജയലളിത. തമിഴ്‌നാടിനു വേണ്ടി വാദിക്കാന്‍ പണം വാങ്ങിയ നേതാക്കളുണ്ടെന്നും നേരത്തേ ജയലളിത സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ആവശ്യം ആരൊക്കെയാണ് ആ യൂദാസുകള്‍ എന്നു മലയാളികള്‍ അറിയുക എന്നതാണ്. കേരളത്തെ ഒറ്റുകൊടുത്ത് തമിഴ്‌നാട്ടില്‍ നിന്നു സമ്പത്തു കൈക്കലാക്കിയ നേതാക്കളുടെ പട്ടിക ജയലളിത ഉടന്‍ പുറത്തു വിട്ടേ തീരൂ. കേരളത്തില്‍ നടക്കുന്ന സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ബ്ലാക്‌മെയിലിംഗ് തന്ത്രമാണു ജയലളിത പയറ്റുന്നതെന്നാണ് മുതിര്‍ന്ന കേരള നേതാക്കളുടെ അഭിപ്രായം. അതായത്, ആരൊക്കെയോ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നതു വാസ്തവം. അതില്ലെങ്കില്‍ ഏതു വിധത്തിലാണു കേരളത്തിലെ സമരം ഈ ആരോപണത്തോടെ ദുര്‍ബലപ്പെടുക?


തമിഴ്‌നാട്ടില്‍ വന്‍തോതില്‍ കൃഷിത്തോട്ടങ്ങള്‍ സമ്പാദിച്ചിട്ടുള്ള നേതാക്കളും ഉദ്യോഗസ്ഥരും ആരൊക്കെയെന്ന് ജയലളിത കേന്ദ്ര സര്‍ക്കാരിനെ അറിയിക്കട്ടെ. അതോടൊപ്പം പത്രമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യട്ടെ. മലയാളിക്കറിയണം ആരാണ് ആ നേതാക്കളെന്ന്. ആ നേതാക്കളെ കേരളീയര്‍ തെരുവില്‍ നേരിട്ടേക്കാമെന്നാകാം രാഷ്ട്രീയ നേതൃത്വത്തിന്റെ ഭയം. അങ്ങനെ സംഭവിച്ചാല്‍ അതാകും ജനാധിപത്യത്തിന്റെ വിജയം. അക്രമം ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. കേരളീയര്‍ അക്രമത്തില്‍ വിശ്വസിക്കുന്നുമില്ല. അതുകൊണ്ടു മാത്രമാണ് ഈ നേതാക്കളെല്ലാം കേരളീയരെ മൊത്തത്തില്‍ ഒറ്റുകൊടുത്തു സ്വത്തു സമ്പാദിക്കുന്നത്.


കേരളത്തില്‍ ബ്ലേഡ് കമ്പനികള്‍ കൂട്ടത്തോടെ അടച്ചു പൂട്ടിയ ശേഷം രൂപം കൊണ്ട പ്രതിഭാസമാണ് തമിഴരുടെ വട്ടിപ്പണം. പലിശയ്ക്കു പണം കടം കൊടുക്കുന്ന വന്‍ സംഘങ്ങള്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തി ചുവടുറപ്പിച്ചിട്ടുണ്ട്. കൂടാതെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തമിഴരുടേതായി കേരളത്തിലുണ്ട്. ഇതെല്ലാം അടിക്കടി മുന്നോട്ടു തന്നെ പോകുന്നത് കേരളത്തിലെ ജനങ്ങളുടെ പണത്താലാണ്. അതു മറന്ന് തമിഴ്‌നാട്ടുകാര്‍ മലയാളികളെ ആക്രമിക്കാന്‍ ശ്രമിക്കരുത്. തമിഴ്‌നാട്ടില്‍ വ്യാപകമായി മലയാളികളെ ആക്രമച്ചിട്ടും, ഏതെങ്കിലും തമിഴനു നേരേ ഒരു മലയാളിയുടെ പോലും കൈകള്‍ ഉയര്‍ന്നിട്ടില്ല. അതാണു മാന്യത. അതാണു സംസ്കാരം. ആദ്യം അതു കണ്ടു പഠിക്കാനാണ് അഴിമതിയുടെ തലൈവിയടക്കം തയാറാവേണ്ടത്.


വിദ്യാഭ്യാസമില്ലാത്ത ജനത്തെ കബളിപ്പിച്ചും ടെലിവിഷന്‍ നല്‍കിയും സാരി നല്‍കിയും അധികാരത്തിലെത്തി വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുള്‍പ്പെടെ നടത്തി കോടികള്‍ സമ്പാദിക്കുക എന്നതാണ് തമിഴകത്തെ രാഷ്ട്രീയം. അക്കാരണത്താല്‍ത്തന്നെയാണ് പത്രവായന ശീലമില്ലാത്ത സ്വന്തം അനുയായികളെ ഇളക്കിവിട്ട് മലയാളികളെ ആക്രമിക്കുന്നത്. അതിലൂടെ മലയാളികളുടെ സ്വത്ത് കൊള്ളയടിക്കുന്നു. ഇതെല്ലാം ഭരണകൂടത്തിന്റെ പിന്തുണയോടെയാണു നടക്കുന്നതെന്നതാണ് ഏറെ ഭീകരമായ അവസ്ഥ.

കേന്ദ്രം അടിയന്തരമായി ഇടപെടുകയോ, കേരള സര്‍ക്കാര്‍ തന്റേടത്തോടെ പ്രതികരിക്കുകയോ ചെയ്യാന്‍ ഇനിയും വൈകരുതെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.