2011, ഡിസം 10

ആദ്യം സുരക്ഷ, പിന്നെയാകാം രാഷ്ട്രീയ നാടകം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെന്ന് കേരളം അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. നിയമസഭ ഏകകണ്ഠമായാണ് ഇക്കാര്യം  അംഗീകരിച്ചത്. കാലപ്പഴക്കവും ഭൂകമ്പ ഭീഷണിയും അതിവൃഷ്ടിയുമൊക്കെ ചേര്‍ന്ന് അതീവഗുരുതരമായ അ‌വസ്ഥയിലേക്കാണ് അണക്കെട്ടിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്ന് നിയമസഭ തന്നെ പറയുമ്പോള്‍ അതു ഗൗനിക്കാതിരിക്കാന്‍ തക്ക ധാര്‍ഷ്ട്യം കേന്ദ്ര സര്‍ക്കാരിനുണ്ടായിക്കൂടാ. കേരളത്തിനു സുരക്ഷ, തമിഴ്‌നാടിനു ജലം എന്ന ഉറച്ച നിലപാടോടെ കേരളം നില്‍ക്കുമ്പോള്‍ എവിടെയാണ് തര്‍ക്കത്തിന് സാഹചര്യമുള്ളത്?


കഴിഞ്ഞ ദിവസം കേരള നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അതിലേറെ ശ്രദ്ധേയമായത് തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥര്‍ ഗാലറി പൂട്ടി സ്ഥലം വിട്ടതു തന്നെ. കേരളത്തിലെ നിയമസഭാംഗങ്ങള്‍ ഗാലറിക്കുള്ളില്‍ കടക്കരുതെന്ന് തമിഴ്‌നാട് വാശി പിടിക്കുന്നതു തന്നെ അവരുടെ ഭാഗത്ത് തെറ്റുണ്ടെന്നതിനു തെളിവാണ്. ഡാമിന്റെ സുരക്ഷയും ചോര്‍ച്ചയും പരിശോധിക്കുന്നതിന് ഡാം ഭിത്തിക്കുള്ളില്‍ ഉള്ള ഇടനാഴിയാണ് ഗാലറി. ഇതിനകത്ത് കയറി പരിശോധിച്ചാല്‍ മാത്രമെ ഡാമിന്റെ ചോര്‍ച്ചയുടെ ശരിയായ ചിത്രം വ്യക്തമാകൂ. തമിഴ്‌നാട് നിസഹകരണം മൂലം ഇത് മനസിലാക്കാന്‍ സബ്ജക്ട് കമ്മറ്റിക്ക് കഴിഞ്ഞില്ല. ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സബ്ജക്ട് കമ്മറ്റിയെ ഗാലറിക്കുള്ളില്‍ കടക്കുന്നതിന് തമിഴ്‌നാട് അനുമതി നിഷേധിച്ചു. ഡാം സൂപ്രണ്ട് ഉള്‍പ്പെടെയുള്ള തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഗാലറിയിലേക്കുള്ള കവാടം പൂട്ടി സ്ഥലംവിടുകയായിരുന്നു.


കഴിഞ്ഞയാഴ്ച മന്ത്രിമാരായ പി ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും  അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗാലറിക്കുള്ളില്‍ കടന്ന് ഒലിച്ച്‌വരുന്ന സുര്‍ക്കി മിശ്രിതം കോരിയെടുത്ത് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. വന്‍തോതില്‍ സുര്‍ക്കി ഒലിച്ച് പോകുന്നത് അന്ന് പുറംലോകമറിഞ്ഞു. ഇത് കൊണ്ടായിരിക്കാം മന്ത്രിയെയും കൂടെ വന്ന ഉദ്യോഗസ്ഥ, മാധ്യമ സംഘത്തെയും ഗാലറിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതെന്നാണ് സൂചന. കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള കളിയാണു തമിഴ്‌നാട് കളിക്കുന്നത്. അവര്‍ക്ക് കുറച്ചു വെള്ളം വേണം. അതിനു പകരമായി കേരളത്തിലെ ജനങ്ങളുടെ ജീവന്‍ ആവശ്യപ്പെടുന്നതിലെ ന്യായമെന്തെന്ന് കേന്ദ്രം തന്നെ അന്വേഷിക്കട്ടെ.


ഗാലറിക്കുള്ളില്‍ കടന്ന് ചോര്‍ച്ച കണ്ടെത്തിയാല്‍ അതു തങ്ങളുടെ വാദങ്ങള്‍ക്കെതിരായേക്കുമെന്നു തമിഴ്‌നാട് ഭയപ്പെടുന്നതു തന്നെയാണ് പുതിയ അണക്കെട്ടു വേണമെന്ന ആവശ്യത്തിനു മുഖ്യന്യായീകരണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ നിര്‍ദ്ദിഷ്ടസ്ഥലത്ത് സംരക്ഷണഅണക്കെട്ട് നിര്‍മ്മിക്കണമെന്ന നിര്‍ദേശമാണ് സബ്ജക്ട് കമ്മറ്റി നിയമസഭയില്‍ സമര്‍പ്പിച്ചത്. നിലവിലെ ഡാം പൊളിച്ച് നീക്കി പുതിയ ഡാം എന്ന നിര്‍ദേശത്തെ തമിഴ്‌നാട് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയൊരു സംരക്ഷണ അണക്കെട്ട് എന്ന ആശയം സബജക്ട് കമ്മറ്റി ചര്‍ച്ച ചെയ്തത്. നിലവിലെ അണക്കെട്ട് തൊടാതെ അതിന് 1300 അടി താഴെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സംരക്ഷണഡാം പണിയുക, തമിഴ്‌നാടിന് ഇപ്പോഴത്തെ രീതിയില്‍ തന്നെ വെള്ളം നല്‍കുക, കേരളത്തിന്റെ ഭൂമിയില്‍ സ്വന്തം ചിലവില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ തികച്ചും ന്യായം തന്നെ. ഇതെല്ലാം കേരളത്തിന്റെ മാത്രം ആവശ്യമാണ്. അക്കാരണത്താല്‍ത്തന്നെ തമിഴ്‌നാടിന്റെ അനുമതിയുടെ കാര്യമില്ലെന്നതാണു വാസ്തവം.


1894 ല്‍ സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച ഡാം പലഘട്ടങ്ങളിലായി തമിഴ്‌നാട് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും ചോര്‍ച്ച വര്‍ധിക്കുകയായിരുന്നു. ഡാമിന്റെ മധ്യഭാഗത്ത് അടക്കം എട്ട് ബ്ലോക്കുകളില്‍ ശക്തമായ ചോര്‍ച്ച പുറത്ത് നിന്ന് തന്നെ കാണാന്‍ കഴിയും. ഇതിന് പുറമെ രണ്ട് ഡസനിലേറെ ചെറുചോര്‍ച്ചകളും ഉണ്ട്. ബ്ലോക്ക് 18ല്‍ ജോയിന്റുകളില്‍ പോലും ശക്തമായ ചോര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഡാമിനെ ശക്തിപ്പെടുത്താന്‍ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ചെമ്പ് തകിട് തകര്‍ന്നനിലയിലാണ്. ഡാമിന്റെ പുറംഭിത്തികളില്‍ കൂടിയുള്ള ചോര്‍ച്ച ശക്തമായതിനാല്‍ ഡാം ദുര്‍ബലമാണെന്ന് മറ്റൊരു പരീക്ഷണത്തിന്റെയും ആവശ്യമില്ലാതെ പറയാമെന്ന് സെസ് ശാസ്ത്രഞ്ജന്‍ ജോണ്‍മത്തായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡാമിനെ ശക്തിപ്പെടുത്താന്‍ നടത്തിയ കേബിള്‍ ആങ്കറിംഗ് പലതും ഇളകിയ അവസ്ഥയിലാണെന്നും അതിനാല്‍ ആങ്കറിംഗിന് ഉദ്ദേശിച്ച ഗുണം ഉണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


അണക്കെട്ടു തകര്‍ന്നാല്‍ 450 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിക്കണമെന്നല്ലാതെ മറ്റു കുഴപ്പമൊന്നുമില്ലെന്ന് കോടതിയില്‍ പറഞ്ഞ എജിയുടെ നിലപാട് അംഗീകരിച്ച സര്‍ക്കാര്‍ കൂടി പിന്തുണച്ചാണ് നിയമസഭയില്‍ പ്രമേയം പാസായത്. ഇതിനെ ഇരട്ടത്താപ്പെന്നോ രാഷ്ട്രീയ നാടകമെന്നോ മാത്രമേ വിശേഷിപ്പിക്കാനാവൂ. എജിയുടെ വാദം അംഗീകരിച്ച മന്ത്രിസഭയുടെ നടപടി കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ എത്രത്തോളം ദോഷം ചെയ്യുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.


തുടക്കത്തില്‍ ചില്ലറ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനായുദ്ധം മാത്രമായിരുന്ന മുല്ലപ്പെരിയാര്‍ വിഷയം ഇപ്പോള്‍ വലിയ വിവാദത്തിലായത് ജനങ്ങളുടെ സംഘടിതമായ ഇടപെടല്‍ മൂലം മാത്രമാണ്. ഇനി എത്ര നാടകം കളിച്ചാലും ജനം പിന്തിരിയില്ലെന്നു വ്യക്തമായതോടെയാകാം ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കാന്‍ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചത്. അത് എന്തുതന്നെ ആയാലും നിയമസഭയില്‍ കണ്ട ഐക്യം കേരളത്തിന്റെ വിജയം തന്നെയാണ്.


മുല്ലപ്പെരിയാര്‍ എന്ന പേരു പോലും ഭയത്തിന്റെ പ്രതീകമായി മാറുന്ന വര്‍ത്തമാനകാലത്തില്‍, അടിയന്തരമായി ഇടപെടാന്‍ ഇനി കേന്ദ്ര സര്‍ക്കാരാണു തയാറാവേണ്ടത്.  പുതിയ അണക്കെട്ടു നിര്‍മിക്കുമെന്ന് ചങ്കൂറ്റത്തോടെ കേരളം പറയാന്‍ സമയമായിരിക്കുന്നു. അതു തന്നെ സംഭവിക്കുമെന്നു കരുതാം.