2011, ഡിസം 19

കണ്ടു പഠിക്കട്ടെ ചിദംബരത്തെ

കേരളീയരെ ആകെ അപമാനപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന വന്‍തോതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ പിന്‍വലിച്ചു. യഥാര്‍ത്ഥത്തില്‍ ഈ പിന്‍വലിക്കല്‍ കൊണ്ട് എന്തെങ്കിലും പ്രതികരണം തമിഴരുടെ മനസില്‍ ഉണ്ടാകാനിടയില്ലെന്നതാണു വാസ്തവം. ചിദംബരം സ്വന്തം നാടിനോടുള്ള സ്‌നേഹവും കടപ്പാടും വെളിപ്പെടുത്തുകയും ചെയ്തു.


പൊതുവേദിയിലാണ് ചിദംബരം കേരളത്തിനെതിരേ പ്രസംഗിച്ചത്. തിരുത്താകട്ടെ പ്രസ്താവനാ രൂപത്തിലും. വായനാശീലമില്ലാത്ത തമിഴരുടെയിടയില്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ വരുന്ന പ്രസ്താവനകള്‍ക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ചിദംബരം പോലും വിശ്വസിക്കാനിടയില്ല. യഥാര്‍ത്ഥത്തില്‍ തന്റെ പ്രസ്താവന ശരിയായില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍, കഴിഞ്ഞ ദിവസം ചെയ്തതു പോലെ പൊതുയോഗം വിളിച്ചു ചേര്‍ത്ത് പ്രസംഗിക്കണമായിരുന്നു. അതിനു പകരം, എഴുത്തും വായനയും വശമില്ലാത്ത ജനത്തിനിടയില്‍ പത്രപ്രസ്താവനയിറക്കുന്നത് കേരളീയരെ മറ്റൊരു വിധത്തില്‍ അവഹേളിക്കുന്നതിനു തുല്യമാണ്.


ഇതു മനസിലാക്കാന്‍ ശേഷിയില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തു.വാസ്തവത്തില്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നെങ്കിലും വലിയ കാര്യമൊന്നുമുണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം തന്നെയാണ് ചിദംബരം പറഞ്ഞതെന്നു ന്യായമായും സംശയിക്കാന്‍ കാരണങ്ങളുണ്ട്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ഇത്രയും ദിവസം തുടര്‍ന്നിട്ടും വിഷയത്തില്‍ ഇടപെടാനോ ക്രിയാത്മകമായ എന്തെങ്കിലും നടപടി സ്വീകരിക്കാനോ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമെന്നതു തന്നെ കാരണം. അതു ചിദംബരത്തിനും അറിയാം. അതാണ് അദ്ദേഹം തുറന്നു പറഞ്ഞത്.


കേരളത്തിലെ കുറേ സാധാരണ നേതാക്കളും സാധുക്കളായ ജനങ്ങളും അറിയാത്ത കളികള്‍ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന സംശയം കുറേ ദിവസങ്ങളായി നിലനില്‍ക്കുന്നു. അതിന്റെ ഉള്‍പ്പൊരുളുകളാണ് ഓരോ ദിവസവും വ്യക്തമാകുന്നത്. ചിദംബരം കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ്. അദ്ദേഹമറിയാതെ രാഷ്ട്രീയ നാടകങ്ങളൊന്നും കോണ്‍ഗ്രസ് നടത്താനിടയില്ല. അക്കാരണത്താല്‍ത്തന്നെ, ചിദംബരം പറഞ്ഞതുപോലെ പിറവം ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് രാഷ്ട്രീയക്കാര്‍ നടത്തുന്ന കളിയാണോ മുല്ലപ്പെരിയാറില്‍ നടക്കുന്നതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.


മുല്ലപ്പെരിയാര്‍ സമരസമിതിയെന്ന കൂട്ടായ്മയെ പൊളിച്ചടുക്കുക എന്നതില്‍ക്കവിഞ്ഞ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഈ സമരത്തില്‍ വലിയ താത്പര്യമൊന്നുമില്ല. അതു വളരെ വ്യക്തമായി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനറിയുകയും ചെയ്യാം. അതിനാല്‍ത്തന്നെയാണ് തമിഴ്‌നാടിന് എതിരേ ശബ്ദിക്കാന്‍ മടിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ അതിശക്തമായ പ്രതികരണം ഉണ്ടാകേണ്ടിയിരുന്നു. ചിദംബരത്തിന്റെയും ഉമ്മന്‍ചാണ്ടിയുടെയും രാഷ്ട്രീയ ലക്ഷ്യം എന്തുതന്നെ ആയാലും മുല്ലപ്പെരിയാര്‍ കേരളത്തിലെ ജനങ്ങളുടെ മനസിലെ ഭീതി തന്നെ. അതു പരിഹരിക്കാനുള്ള ബാധ്യത പൊതുപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന മുഴുവനാളുകള്‍ക്കുമുണ്ട്. ജീവിക്കാനുള്ള എളുപ്പമാര്‍ഗം എന്നല്ലാതെ, പൊതുപ്രവര്‍ത്തനം ജനങ്ങളെ സേവിക്കാനുള്ളതാണെന്ന ധാരണയുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം വിഷയത്തില്‍ ഇടപെടണം. അല്ലെങ്കില്‍ ദയവായി ചപ്പാത്തിലെ സമരപ്പന്തലില്‍ നിന്ന് എഴുന്നേറ്റു പോകുക. അവിടെ ജനങ്ങളുടെ കൂട്ടായ്മയുണ്ട്. നിങ്ങളുടെ കാപട്യങ്ങളെയെല്ലാം മറികടക്കാന്‍ ശേഷിയുള്ള വന്‍ ജനകീയ മുന്നേറ്റം.


ചിദംബരം പ്രസ്താവന പിന്‍വലിച്ചെന്നു പത്രക്കുറിപ്പ് ഇറക്കിയിട്ടു കാര്യമില്ല. സുപ്രീം കോടതിയുടെ ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന തന്റെ അഭിപ്രായം പിന്‍വലിക്കാന്‍ അദ്ദേഹം തയാറാവാത്ത സാഹചര്യത്തില്‍, കേന്ദ്രം എന്തൊക്കെയോ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കേരളീയരെ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് ആവശ്യമില്ല. അത് വളരെ വ്യക്തമായിത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും എന്തിനാണ് കുറേ മലയാളി നേതാക്കള്‍ കോണ്‍ഗ്രസെന്നു പറഞ്ഞ് നടക്കുന്നത്? അന്തസോടെ രാജി വച്ച് ഇറങ്ങിപ്പോരാന്‍ എ.കെ ആന്റണിയുള്‍പ്പെടെയുള്ള മലയാളികള്‍ക്കു സാധിക്കണം. തമിഴരെ കണ്ടു പഠിക്കാനാണ് ആദ്യം ഇവരൊക്കെ ശ്രമിക്കേണ്ടത്. നാടിനെ ബാധിക്കുന്ന വിഷയത്തില്‍ മറ്റെല്ലാം പരിഗണനകളും മാറ്റിവച്ച് അവര്‍ ഒരുമിച്ചു.


ആന്റണിയെപ്പോലെ തന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ചിദംബരവും. അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞു. ഇന്നലെ നടത്തിയ തിരുത്തല്‍ വെറും രാഷ്ട്രീയ നാടകം മാത്രം. ചിദംബരം തമിഴ്‌നാടിനു വേണ്ടി മാത്രമേ നിലകൊള്ളൂ. അതു മനസിലാക്കാന്‍ വലിയ രാഷ്ട്രീയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ ചെയ്യേണ്ടത് ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുക എന്നതാണ്. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം വാദിച്ചവര്‍ അതേ മനസോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു മുന്നിലും എത്തണം. സുപ്രീം കോടതിയുടെ വരാനിരിക്കുന്ന വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് മുന്‍കൂര്‍ പ്രവചിച്ചതിന്റെ പേരില്‍ കോടതിയെയും സമീപിക്കാവുന്നതാണ്. കേന്ദ്രത്തിലെ നേതാക്കളെ കാണുമ്പോള്‍ മുട്ടു കൂട്ടിയിടിക്കാത്തവരാണ് കേരളത്തിലെ നേതാക്കളെങ്കില്‍ മാത്രം ഇത്തരത്തില്‍ എന്തെങ്കിലും നടപടിയെടുക്കുക.


അതിനു സാധിക്കില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളോടു മാപ്പു പറഞ്ഞ്, കിട്ടിയ അധികാരം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്കോ ഉത്തരേന്ത്യയിലേക്കോ വണ്ടി കയറുക. അവിടെപ്പോയി കോണ്‍ഗ്രസിനു വേണ്ടി വാദിക്കുക. വെറുതേ ഇനിയും കേരളീയരെ വിഡ്ഢികളാക്കരുത്.

1 അഭിപ്രായ(ങ്ങള്‍):

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ചിദമ്പരം പറഞ്ഞതു പറഞ്ഞതുതന്നെ. പിൻ വലിച്ച കാര്യം തമിഴർ അറിഞ്ഞിട്ടുകൂടി ഉണ്ടാകില്ല.