കുറേ ദിവസമായി തുടരുന്ന മുല്ലപ്പെരിയാര്‍ സമരങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാവാത്തത് അത്യന്തം ലജ്ജാകരമാണ്. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതു സര്‍ക്കാരിന്റെ നിലപാടു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയതോടെ, സമരത്തിലേക്കു നയിക്കപ്പെട്ട സാഹചര്യങ്ങള്‍ സംശയത്തിന്റെ നിഴലിലാവുന്നു.
ജനക്കൂട്ടത്തെ പരിഭ്രാന്തിയിലാക്കി ഇളക്കിവിട്ടു നടത്തിയ രാഷ്ട്രീയ നാടകമാണ് മുല്ലപ്പെരിയാറില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ട നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. നിലവില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ഇടതു മുന്നണിക്കും മാത്രം താത്പര്യമുള്ള വിഷയമായി മുല്ലപ്പെരിയാര്‍ മാറിയിട്ടുണ്ട്. യുഡിഎഫിലെ മറ്റു കക്ഷികള്‍ നിശബ്ദത തുടരുന്നതും, മുഖ്യമന്ത്രിയടക്കം മെല്ലെപ്പോക്കിലേക്ക് തിരിഞ്ഞതും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ കളങ്കമായെന്നു പറയാതിരിക്കാനാവില്ല.
വലിയൊരു ജനസമൂഹത്തെയാകെ സമരമുഖത്തേക്കു നയിച്ച ശേഷം പിന്നിലൂടെ പാലം വലിക്കുകയെന്ന വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണു കോണ്‍ഗ്രസ് പയറ്റിയതെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാതിരിക്കുകയാണു നല്ലത്. കേന്ദ്ര സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും ഒത്തുകളിച്ചതോടെ സമരത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെയാവാം മുഖ്യമന്ത്രിയുടെ വിലക്കു ലംഘിച്ച് മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും ഇന്നലെ സമരം നടത്തിയത്.
കെ.ചപ്പാത്തില്‍ പന്തല്‍ കെട്ടി സമരം ചെയ്തു വരുന്നത് ഏതെങ്കിലും രാഷ്ട്രീയക്കാരല്ല. മുല്ലപ്പെരിയാര്‍ സമരസമിതി എത്രയോ കാലമായി സമരരംഗത്താണ്. അതിനോടു ജനങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന തിരിച്ചറിവാകാം ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നില്‍. രാഷ്ട്രീയക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതെന്ന് അവര്‍ വിശ്വസിക്കുന്ന ജനങ്ങളെ സംഘടിപ്പിക്കല്‍ മറ്റുള്ളവര്‍ നടത്തിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കുറേ ബഹളമുണ്ടാക്കിയെന്നു മാത്രം.
ഏതുവിധേനെയും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ജനമുന്നേറ്റത്തിനു തടയിടാന്‍ ഇവര്‍ സംഘടിച്ചതാണോയെന്നു കൂടി കണ്ടെത്തിയാല്‍ മതി. ഇപ്പോള്‍ തമിഴ്‌നാട് ചര്‍ച്ചയ്ക്കു തയാറാണെന്നു പറയുന്നു. പതിനഞ്ചിനോ പതിനാറിനോ ചര്‍ച്ചയാകാമെന്ന് അവര്‍ പറയുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വില കുറച്ചു കാണുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ചര്‍ച്ചയുടെ തീയതി പോലും നിശ്ചയിക്കുന്നതു തമിഴ്‌നാടാണെങ്കില്‍ അതിന്റെ അന്തിമഫലവും അവര്‍ക്ക് അനുകൂലമാകുമെന്നതില്‍ തര്‍ക്കമില്ല.
മനുഷ്യാവകാശ കമ്മീഷനാവട്ടെ, വിഷയം മാര്‍ച്ച് മാസത്തില്‍ പരിശോധിക്കുമെന്നും പറയുന്നു. അതായത്, ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ ആരും ഗൗനിക്കുന്നില്ലെന്നു തന്നെ. കുറേ ചെറുപ്പക്കാര്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കി പാഞ്ഞതുകൊണ്ടൊന്നും പരിഹരിക്കപ്പെടുന്നതല്ല അവിടുത്തെ വിഷയങ്ങള്‍. ഇല്ലാത്ത ഭീതി സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വിഡ്ഢികളാക്കുകയാണോ സര്‍ക്കാര്‍ ചെയ്തതെന്ന് അധികം വൈകാതെ തിരിച്ചറിയാനാവും. ഇതു കോണ്‍ഗ്രസിലെ ചില നേതാക്കളും കേരള കോണ്‍ഗ്രസുമൊക്കെ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്ന് അറിയാവുന്നതിനാലാവാം കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്.
സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ സജീവമായി നിന്ന സംസ്ഥാന മന്ത്രിമാരില്‍ പി.ജെ ജോസഫ് മാത്രമാണ് ഇപ്പോള്‍ രംഗത്തുളളത്. കോണ്‍ഗ്രസ് മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്ത്രപൂര്‍വം പിന്‍വലിഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ നിലപാടു തന്നെയാണ് കോടതിയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതോടെ രാഷ്ട്രീയ പൊറാട്ടു നാടകത്തിന്റെ അണിയറക്കഥകളാണു വെളിച്ചത്താവുന്നത്. കോടതിയില്‍ തങ്ങള്‍ രാഷ്ട്രീയ നാടകമാടിയതാണെന്നു പറയാനാവില്ലല്ലോ.
ഇവിടെ ഉത്തരം പറയാനുള്ള ബാധ്യത കോണ്‍ഗ്രസിനു തന്നെ. പാര്‍ട്ടി അറിയാതെ ഏതെങ്കിലും മന്ത്രിമാരോ നേതാക്കളോ നടത്തിയ ഗൂഢാലോചനയാണോ മുല്ലപ്പെരിയാറില്‍ നടന്നത്? ജനങ്ങളെ ഇളക്കിവിടാന്‍ ഏറ്റവും നല്ല മാര്‍ഗം അവരെ പരിഭ്രാന്തരാക്കുകയെന്നതാണെന്ന് തിരിച്ചറിഞ്ഞവര്‍ തന്നെയാണ് ഇതിനു പിന്നില്‍ കളിച്ചത്. സമരത്തെ ഇടതുപക്ഷം ഏറ്റെടുക്കുന്നു എന്നു വന്നതോടെ ഏതുവിധേനെയും സമരം പൊളിക്കുക എന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയതായി കരുതാം. അതു തന്നെയാണ് ഇപ്പോള്‍ കാണുന്നതെല്ലാം.
തമിഴ്‌നാട്ടില്‍ വന്‍ ബിസിനസുകളുള്ള ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ആരെങ്കിലും ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ ജനകീയ സമിതികള്‍ തയാറാവണം. സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ അന്വേഷിച്ചാല്‍ കണ്ടു പിടിക്കാന്‍ സാധിക്കാത്തതെല്ലാം ജനങ്ങള്‍ നേരിട്ടന്വേഷിച്ചാല്‍ കണ്ടെത്താനാവും.
അഡ്വക്കേറ്റ് ജനറലിന്റെ നിയമനം വന്ന വഴിയും മുഖ്യമന്ത്രിയുടെ ചില പ്രത്യേക താത്പര്യങ്ങളുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ അദ്ദേഹം ഇന്നലെ പറഞ്ഞ അഭിപ്രായം നുറുശതമാനം ശരിയാണ്. കഴിഞ്ഞ ദിവസം തന്നെ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലും ബ്ലോഗുകളിലുമൊക്കെ എജി കോടതിയില്‍ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരേ ചിലതു പറയാനിടയായ സാഹചര്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതില്‍ മുഖ്യമന്ത്രിക്കടക്കം പ്രത്യേക താത്പര്യമുള്ള ചിലരുടെ ഇടപെടലുകളെക്കുറിച്ചു സംശയങ്ങളും പ്രകടിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞിരുന്ന രീതിയില്‍ തന്നെയാണു കാര്യങ്ങളുടെ പോക്ക്.
തമിഴ്‌നാട്ടില്‍ വ്യവസായങ്ങളും കൃഷിയിടങ്ങളുമൊക്കെയുള്ള വന്‍കിടക്കാരുടെ താത്പര്യത്തിന് ജനങ്ങളുടെ ജീവനേക്കാള്‍ വിലയുണ്ടെന്നു സര്‍ക്കാര്‍ തെളിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതല്ല സര്‍ക്കാര്‍ നിലപാടെന്ന് മറ്റു ചില മന്ത്രിമാരും പറയുന്നു. ജനങ്ങള്‍ ഏതാണു വിശ്വസിക്കേണ്ടത്. അതോ, ഘടകകക്ഷികളെയും കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് നേതൃത്വത്തിനും സംസ്ഥാന മന്ത്രിസഭയിലെ ചുരുക്കം ചിലര്‍ക്കും മാത്രമറിയാവുന്ന ആ രഹസ്യങ്ങള്‍ ഏറെ വൈകാതെ വെളിപ്പെടുമെന്നു കരുതാം.
Editorial » 06/12/2012
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ