2011, ഡിസം 11

പ്രകോപിതരാകരുത്.

പ്രിയപ്പെട്ട സഹോദരങ്ങളേ,
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിലരുടെ അതിരുവിട്ട വികാരപ്രകടനവും വെറിപിടിച്ച ചില വൈക്കോല്‍ സംഘടനകളുടെ ആഹ്വാനവും ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിഗ്രാമങ്ങളില്‍ എങ്കിലും മലയാളികളും തമിഴരും തമ്മിലുള്ള വംശീയ കലാപത്തിന്റെ തലത്തിലേക്ക് വഷളായി വളര്‍ന്നിരിക്കുന്നു. കമ്പം, നാമക്കല്‍ പ്രദേശങ്ങളില്‍ പലയിടത്തും മലയാളികള്‍ അക്രമത്തിനും കൊള്ളയടിക്കും ഇരയായി. അതോടൊപ്പം കേരളത്തിലും അപൂര്‍വമായെങ്കിലും ചിലര്‍ തമിഴരെ മര്‍ദ്ദിച്ച വാര്‍ത്തയും ഉണ്‍ടായി.

സഹോദരങ്ങളേ നമ്മള്‍ പ്രകോപിതരാകരുത്. കാപാലികരായ ഒരുപറ്റം ക്രിമിനലുകള്‍ നമ്മുടെ സഹോദരങ്ങളെ ആക്രമിക്കുകയും, വസ്തുവകകള്‍ അപഹരിക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്നു മന‍സിലാക്കുമ്പോള്‍തന്നെ അവരെ അക്രമികളുടെ കയ്യില്‍ പെടാതെ സം‌രക്ഷിക്കുകയും അഭയം നല്‍കി നാട്ടിലെത്തുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത മനുഷ്യരും തമിഴര്‍ തന്നെ എന്നു നാം മനസിലാക്കണം.


ഇന്ന് കേരളത്തില്‍ താമസിക്കുന്ന തമിഴ് മക്കളും വീണ്ടുവിചാരമില്ലാത്ത ഒരു പ്രത്യാക്രമണം ഭയന്ന് തന്നെയാണ് ഇവിടെ കഴിയുന്നത്. നമ്മുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീച പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ - പ്രത്യേകിച്ച് ഇടുക്കി കോട്ടയം എറണാകുളം ജില്ലകളില്‍ താമസിക്കുന്ന മുഴുവന്‍ തമിഴര്‍ക്കും കാലഹരണപ്പെട്ട ഡാം പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ നമ്മുടെ അഭിപ്രായം തന്നെയാണുള്ളത്. പട്ടിണി മറ്റാന്‍ തൊഴിലെടുക്കാന്‍ അല്ലെങ്കില്‍ ചെറുകിട കച്ചവടങ്ങള്‍ക്കായി നാടുവിട്ട് നമ്മോടൊപ്പം വന്നു ജീവിക്കുന്ന അവരെ നാം ഉപദ്രവിച്ച് ഓടിച്ച് വിട്ടത്കൊണ്ട് യാതൊരു ഗുണവും ഉണ്ടാവാന്‍ പോകുന്നില്ല, പകരം തമിഴ്നാട്ടിലുള്ള കുറച്ചാളുകളെ എങ്കിലും സത്യാവസ്ഥ മനസിലാക്കി കൊടുക്കുവാനുള്ള ഒരു വഴി അടഞ്ഞു പോകുവാന്‍ മാത്രമേ കാരണമാകുകയുള്ളു.


അതല്ല തമിഴര്‍ക്കുനേരേ പ്രതികരിക്കാതെ അടങ്ങില്ലെന്നു വാശിയുള്ളവര്‍, അത്രയ്ക്ക് ആവേശവും ധൈര്യവും ഉണ്ടെങ്കില്‍ ജയലളിതക്കും വൈക്കോലിനും കരുണാനിധിക്കും കുടുംബാങ്ങള്‍ക്കും പിന്നെ ഇവരുടെയൊക്കെ ബിനാമികള്‍ക്കും കേരളത്തില്‍ കുമരകത്തും ആലപ്പുഴയിലും മറ്റു പലയിടങ്ങളിലുമുള്ള വസ്തുവകകള്‍ കയ്യേറട്ടെ. അല്ലാതെ വഴിയരുകില്‍ കച്ചവടം ചെയ്യുന്ന പാവപ്പെട്ട തമിഴന്റെ പച്ചക്കറിത്തട്ടു മറിച്ചിട്ടും തുണിക്കച്ചവടത്തിനു വന്നവന്റെ മോട്ടോര്‍ സൈക്കിളിന്റെ കാറ്റൂരി വിട്ടുമല്ല മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തില്‍ പങ്ക് ചേരേണ്ടത്.


ഇന്നലെയും ഇടുക്കി കോട്ടയം ജില്ലകളില്‍ ഭൂകമ്പമുണ്ടായി നാലുജില്ലകളിലെ ജനങ്ങള്‍ ഓരോ നിമിഷവും ഒരു ദുരന്തതിന്റെ ഇരമ്പം കതോര്‍ത്ത് ഭയചകിതരായിക്കഴിയുന്നു, ഇപ്പോളും നമ്മുടെ ഭരണക്കാര്‍ ജയലളിതയ്ക്ക് കത്തെഴുതി കളിക്കുന്നു, കേന്ദ്രത്തിലെ വല്യേമാന്മാര്‍ പ്രധാനമന്ത്രിയുടെ മൗനത്തിനു വ്യാഘ്യാനങ്ങള്‍ ചമച്ച് രസിക്കുന്നു. പൊറോട്ടകുമാരന്റെ ലീലാവിലാസങ്ങളെപ്പറ്റി പത്ത് കമ്ന്റ് ഫേസ്ബുക്കില്‍ വന്നാലുടനെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മീഡിയകള്‍ മുഴുവന്‍ നിരോധിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊന്നിനും മുപ്പത്തഞ്ച് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സ‌ം‌രക്ഷണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ധൈര്യമില്ല.

നാഴികക്ക് നാല്‍പ്പത് വട്ടം ചപ്പാത്തിലെയും വണ്ടിപ്പെരിയാറ്റിലെയും സമരപ്പന്തലിലേക്ക് ഓടിപ്പോകുകയും ഒന്നോ രണ്ടോ മണിക്കൂര്‍ വീതം ക്യാമറയ്ക് മുന്‍പില്‍ നിരാഹാരമിരിക്കുകയും ചെയ്യുന്ന ഭരണകഷി എമ്മെല്ലെമാരില്‍ നട്ടെല്ലിനുറപ്പുള്ള ആരെങ്കിലും മൂന്നു പേര്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു സമയ പരിധി നിശ്ചയിച്ച് അതിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് പുതിയ ഡാമിന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുമെന്നു ഭീഷണി ഉയര്‍ത്തട്ടെ.

വെറുതെ പറഞ്ഞാല്‍ മതി പിന്‍‌വലിക്കേണ്ടി വരില്ല. അധികാര കസേര നഷ്ടപ്പെടുമെന്നാകുമ്പോള്‍ ഇപ്പോള്‍ ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഉണരും. ഇപ്പോള്‍ ഇല്ലാത്ത വഴികള്‍ ഒക്കെ തുറന്നു വരും, കേന്ദ്രത്തിനും പ്രധാന മന്ത്രിക്കും പ്രതിരോധ മന്ത്രിക്കും മലയാളികളുടെതു മാത്രമല്ല എന്നഹങ്കരിക്കുന്ന പല കേന്ദ്ര മന്ത്രി മാര്‍ക്കും മലയാളികളോട് പെട്ടന്ന് പ്രത്യേക സ്നേഹം ഉറപൊട്ടും. അതേ കസേര കയ്യെത്തും ദൂരത്തെന്നു കണ്ടാല്‍ പോളിറ്റും പോളിറ്റാത്തതുമായ എല്ലാ ബ്യൂറൊകളും  പുതിയ ഡാം നിര്‍മ്മിക്കുന്നതിന് അനുകൂല നിലപാടെടുക്കും.

ജനങ്ങളുടെ നിലവിളികേള്‍ക്കാന്‍ കാതില്ലാത്തവര്‍ അധികാര കസേരയുടെ കാലൊടിയുന്ന ശബ്ദം കേട്ട് ഞെട്ടട്ടെ.

1 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

നമുക്കാവശ്യം ഉള്ളത് നേടിയെടുക്കാന്‍ നമ്മുടെ കഴിവും താത്പര്യവും ഇല്ലാത്തതിനു പാവം തമിഴന്റെ നെഞ്ചത്ത് കേറിയിട്ടെന്ത് കാര്യം? അവന്റെ കാര്യം നേടാന്‍ അവര്‍ക്കറിയാം. പ്രബുദ്ധ ജനതയ്ക്ക് മറ്റുള്ളവരെ കുറ്റം പറയാനല്ലേ അറിയൂ.