2011, ഡിസം 9

നഴ്‌സുമാര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണം

എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സുമാര്‍ സമരം താല്‍കാലികമായി അവസാനിപ്പിച്ചു. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ എന്ന പേരില്‍ നഴ്‌സുമാരുണ്ടാക്കിയ സംഘടനയുടെ അംഗത്തെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചവരെ അതി ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിയിലെ നഴ്‌സുമാരും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ നഴ്‌സുമാര്‍ക്കു നേരേയുണ്ടായ അതിക്രമവും നടന്നിട്ട് അധികനാളായില്ല.


ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളിലേക്കു തന്നെ. സര്‍ക്കാര്‍ മേഖലയിലെ ആതുരാലയങ്ങളെ പലവിധത്തില്‍ തകര്‍ത്താണ് സ്വകാര്യമേഖല കേരളത്തില്‍ ചുവടുറപ്പിച്ചത്. രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കാതിരിക്കുക, ആവശ്യത്തിനു മരുന്നുകള്‍ ഇല്ലാതിരിക്കുക തുടങ്ങിയവയാണു മുഖ്യമായും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ജനങ്ങളെ അകറ്റുന്നത്.


ആശുപത്രികളിലെത്തുന്നവരെ പരമാവധി കഷ്ടപ്പടുത്തി അവരെ സ്വകാര്യ ആശുപത്രികളിലേക്കു നയിക്കുകയെന്ന ഗൂഢതന്ത്രം പയറ്റാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. വന്‍തുക മുടക്കി ചികിത്സിക്കാന്‍ മാര്‍ഗമില്ലാത്ത കുറേ സാധുക്കള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലെ സര്‍ക്കാരാശുപത്രികളെ സമീപിക്കാറുള്ളൂ. ഇതിലൂടെ സ്വകാര്യ ആശുപത്രികള്‍ വന്‍ സാമ്പത്തിക ലാഭമാണു കൊയ്യുന്നത്. അങ്ങനെ നേടുന്ന പണം സ്വന്തം കീശയിലാക്കുക എന്നല്ലാതെ ജീവനക്കാര്‍ക്കു മികച്ച വേതനം നല്‍കുകയെന്നത് സ്വകാര്യ ആശുപത്രികളുടെ അജന്‍ഡയിലില്ല. കേരളത്തിലെ മാത്രമല്ല, പൊതുവില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം കേട്ടാല്‍ സാധാരണക്കാര്‍ പോലും അമ്പരക്കും. ഇത്രയേറെ കുറഞ്ഞ തുകയ്ക്കു ജോലി ചെയ്യുന്ന അവരെ പരമാവധി ദ്രോഹിക്കുന്ന നടപടികളാണു മാനേജ്‌മെന്റുകള്‍ സ്വീകരിച്ചു പോരുന്നത്. ദിവസവും നിയമപ്രകാരം ചെയ്യേണ്ടതിലും വളരെയേറെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ ചോദിക്കാന്‍ പോലും അവകാശമില്ലെന്നത് കേരളീയ മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതു തന്നെ.


വന്‍കിട ആശുപത്രികളില്‍ നടക്കുന്ന ഇത്തരം അനീതിക്കെതിരേ പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ മാധ്യമങ്ങളോ തയാറാകാറില്ല. പരസ്യ ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ കണ്ണുവച്ച മാധ്യമങ്ങളും, ഇടയ്ക്കിടെ നടത്തുന്ന പിരിവിനെക്കുറിച്ചോര്‍ക്കുന്ന രാഷ്ട്രീയക്കാരും നിശബ്ദത പാലിക്കുമ്പോള്‍ പ്രതികരിക്കാന്‍ അവകാശമില്ലാതെ കുറേ യുവാക്കള്‍ സ്വകാര്യ ആശുപത്രികളുടെ അകത്തളങ്ങളില്‍ നരകയാതന അനുഭവിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങളാണു ശമ്പളമായി നല്‍കുന്നത്. നഴ്‌സുമാര്‍ക്കാകട്ടെ പലപ്പോഴും ആയിരമോ അതില്‍ത്താഴെയോ രൂപ പ്രതിമാസം നല്‍കും. അതാണ് പൊതുവിലുള്ള രീതി. ഇതിനെതിരേ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ മര്‍ദിച്ചൊതുക്കുക എന്ന നവീനമാര്‍ഗമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ഇത് തികച്ചും അപലപനീയമാണ്.


കേരളം വിദ്യാഭ്യാസത്തില്‍ വളരെയേറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെ ഇത്തരം അപരിഷ്കൃതമായ നടപടികള്‍ അനുവദിക്കാനാവില്ല. ഏതു തൊഴില്‍സ്ഥാപനത്തിലായാലും സ്വാഭാവിക നീതി ഉറപ്പുവരുത്താന്‍ മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥരാണ്. അവരെ അതിനു പ്രേരിപ്പിക്കാന്‍ സര്‍ക്കാരിനു സാധിക്കണം.


എറണാകുളത്തും കൊല്ലത്തും നഴ്‌സുമാരെ മര്‍ദിച്ചത് ആശുപത്രി ജീവനക്കാരെന്നു പറയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകരാണെന്നതാണു വാസ്തവം. ഇവിടെ രണ്ടിടത്തും മാനേജ്‌മെന്റുകള്‍ക്ക് സംഘടനാപരമായ പിന്തുണയുണ്ട്. ആതുര സേവനമെന്നും ജീവകാരുണ്യ പ്രവര്‍ത്തനമെന്നും പ്രഘോഷിച്ച് ആശുപത്രികള്‍ സ്ഥാപിക്കുന്ന സംഘടനകളുടെ തനിനിറം ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നു. ഇത് രണ്ട് ആശുപത്രികളിലെ മാത്രം കാര്യമല്ല. മത, സമുദായ സംഘടനകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മിക്ക ആശുപത്രികളിലും സമാനമായ അനീതി കൊടികുത്തി വാഴുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കാന്‍ എല്ലാവരും മടിക്കുന്നത് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ അപ്രീതി പിടിച്ചുപറ്റേണ്ടതില്ലെന്ന ചിന്തയാല്‍ത്തന്നെ. യഥാര്‍ത്ഥത്തില്‍, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ അതാതു സമുദായത്തിലോ മതത്തിലോ പെട്ടവര്‍ തന്നെയാണ് ആദ്യം പ്രതികരിക്കേണ്ടത്. തങ്ങളുടെ ജീവാത്മാവായ മതത്തെയോ സമുദായത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നേതൃത്വത്തില്‍ നിന്നുണ്ടായാല്‍ അതിനോട് പ്രതികരിക്കാന്‍ മറ്റാരുടെയും സഹായം കാത്തിരിക്കരുത്.


നഴ്‌സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഓരോ മനുഷ്യജീവിക്കും അവരുടെ പരിചരണം ആവശ്യമായി വരും. നഴ്‌സുമാരുടെ സഹായം സ്വീകരിക്കാത്ത ആരും മനുഷ്യ കുലത്തില്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അങ്ങനെയുള്ള ഒരു വിഭാഗത്തെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനാവുമോ? ഒരുപാടു പ്രതീക്ഷകളുമായി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ യുവാക്കള്‍ക്കു മുന്നില്‍ നിരന്നു കിടക്കുന്ന വഴി ക്രൂരമര്‍ദനത്തിന്റേതും നിറഞ്ഞ അനീതിയുടേതുമാകുന്നത് ഏതു ന്യായവിധിയുടെ അടിസ്ഥാനത്തിലാണു നീതീകരിക്കാനാവുക?

ഇത്തരം കാടത്തം കേരളത്തില്‍ വേണ്ട. ശക്തരായ മാനേജ്‌മെന്റുകള്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുന്ന ശൈലി സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കണം. നഴ്‌സുമാരെ മര്‍ദിച്ചത് ആരെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയാണുണ്ടാകേണ്ടത്. ഇത്തരം ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ ഇടപെടണം. അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ആശുപത്രികള്‍ ഉടന്‍ അടച്ചുപൂട്ടിക്കുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ ചെയ്യണം. അതിനുള്ള നട്ടെല്ല് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ആര്‍ക്കെങ്കിലുമുണ്ടോ?

1 അഭിപ്രായ(ങ്ങള്‍):

bnair66@gmail.com പറഞ്ഞു...

ഒരു കനാല്‍ തലൈവിയുടെ അണ്ണാക്കിലേയ്ക്ക് പണിയുകയാണ് വേണ്ടത്..