2011, ഡിസം 16

ദയവായി നടപടിയെടുക്കുക.

കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുക മാത്രമാണു ചെയ്യുന്നതെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളുടെ മനസു തന്നെയാണ്. എത്രയോ ദിവസങ്ങളായി തുടരുന്ന സമരകോലാഹലങ്ങള്‍ക്കിടയിലൂടെയാണ് ഇടുക്കി ജില്ലയിലെ ജനങ്ങള്‍ കടന്നു പോകുന്നത്. മനസ്സമാധാനത്തോടെ അവിടത്തുകാര്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ എത്രയായി.


ഇതെല്ലാം നടക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനെന്നു പറഞ്ഞ് ഇടയ്ക്കിടെ മന്ത്രിമാര്‍ ഡല്‍ഹിക്കു പറക്കുന്നതും, പ്രധാനമന്ത്രിയുടെ ഉറപ്പെന്ന തരത്തില്‍ ചില തട്ടിപ്പു പ്രസ്താവനകളിറക്കുന്നതുമല്ലാതെ കാര്യമാത്ര പ്രസക്തമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പല കാര്യങ്ങളിലും നടപടി എടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നു കോടതി പറയുന്നിടം വരെ കാര്യങ്ങളെത്തി നില്‍ക്കുന്നു. കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുകയല്ല ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന പരാമര്‍ശം തികച്ചും സ്വാഗതാര്‍ഹം തന്നെ.


ദുരന്തമുണ്ടായാല്‍ വേഗത്തില്‍ ബാധിക്കുന്ന ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ സുരക്ഷിതത്വത്തിനും, എറണാകുളം ഏലൂരിലെ വന്‍ കെമിക്കല്‍ ഫാക്ടറികള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടം തടയുന്നതിനും എന്ത് നടപടികള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ നിന്നു നിര്‍ദേശം വന്നാല്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല. ജനായത്ത ഭരണക്രമം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ജനങ്ങളുടെ ജീവന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമുണ്ടായാല്‍ അടിയന്തരമായി നടപടിയെടുക്കണം. അതിനു പകരം നേതാക്കളുടെ ഗീര്‍വാണ പ്രസംഗങ്ങള്‍ ആവശ്യമില്ല. ഓരോ ദിവസവും ഓരോ പ്രസ്താവനകള്‍ വീതം ഇറക്കുക എന്നതില്‍ ഒതുങ്ങുന്നു കേരളത്തിലെ നേതാക്കളുടെ ജനങ്ങളോടുള്ള കര്‍ത്തവ്യം. തമിഴ്‌നാട്ടില്‍ നിന്ന് ആയുധങ്ങളുമായി അക്രമിസംഘങ്ങള്‍ കേരളത്തിലേക്കെത്തുമ്പോഴും വീറോടെ പ്രസ്താവനയിറക്കി സായൂജ്യമടയുകാണ് നമ്മുടെ നേതാക്കള്‍.


മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലാവസ്ഥയിലാണ്. അതില്‍ തമിഴ്‌നാട്ടിലെ നിക്ഷിപ്ത താത്പര്യക്കാരായ കുറേ രാഷ്ട്രീയക്കാര്‍ക്കല്ലാതെ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. അവര്‍ക്കു പോലും വാസ്തവം അറിയാം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സത്യത്തെ മറച്ചു വയ്ക്കുകയാണെന്നു മാത്രം. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തുന്ന രാഷ്ട്രീയപ്പോരിന്റെ കളമാവുകയാണ് മുല്ലപ്പെരിയാര്‍ എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന് തമിഴ്‌നാടിനോടുള്ള പ്രത്യേക താത്പര്യം കേരളത്തിലെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതാണെന്നു വിശ്വസിക്കുന്ന കുറേ നേതാക്കള്‍ ഭരിക്കുന്നതു തന്നെയാകാം ഈ ദുര്‍ഗതിക്കു കാരണം.


കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മുല്ലപ്പെരിയാര്‍ സമരത്തെ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണമാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്. സിപിഎമ്മാണ് സമരത്തെ അടിച്ചു മാറ്റിയതെന്നു മറ്റു ചിലരും പറയുന്നു. യഥാര്‍ത്ഥത്തില്‍ ആയിരത്തെണ്ണൂറു ദിവസത്തിലേറെയായി ചപ്പാത്തില്‍ സമരം നടത്തുന്ന മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പ്രക്ഷോഭത്തെ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നു ഹൈജാക്ക് ചെയ്യുകയായിരുന്നു. കക്ഷി, രാഷ്ട്രീയ ഭേദമില്ലാതെ, ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ അവിടെ നടന്നു പോന്ന സമരം തങ്ങള്‍ക്ക് ദോഷകരമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതോടെയാണ് വിഷയത്തിന്റെ ഗതി മാറിയത്.


നിലവില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നു കൂടി അന്വേഷിച്ചറിയേണ്ട ഗതികേടിലാണു മലയാളികള്‍. സമരരംഗത്തു നിന്ന് കേരളീയരെ പിന്‍മാറ്റാന്‍ ഇത്തരം ചില അക്രമങ്ങള്‍ ആവശ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അതും അറിയണം. കോടതി പറഞ്ഞതില്‍ കാര്യമുണ്ട്. വെറുതേ വാചകമടിച്ചു നടക്കുകയല്ലാതെ തമിഴ്‌നാടുമായി എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്കു പോലും ആരും തയാറായിക്കാണുന്നില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതുപയോഗിച്ച് അവിടെ അഭിപ്രായ സമന്വയം രൂപീകരിക്കാന്‍ ശ്രമിച്ചുകൂടേ?

വെള്ളം മാത്രമല്ല കേരളത്തില്‍ തമിഴന്മാര്‍ താമസിക്കാന്‍ എത്തിയിട്ടുള്ള പ്രദേശങ്ങള്‍ കൂടി തമിഴ്നാടിന് നല്‍കണം എന്ന വാദമുയര്‍ത്തി ആക്രമണത്തിനു മൂര്‍ച്ചകൂട്ടുകയാണ് തമിഴന്മാരായ കോണ്‍ഗ്രസ് എം‌പീമാര്‍. മുപ്പതു ലക്ഷത്തിലധികം വരുന്ന മലയാളികളുടെ ജീവനെയും സ്വത്തുവകകളെയും ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ബാലിശമായ കാരണങ്ങള്‍ നിരത്തുന്ന പ്രധാനമന്ത്രിയുടെ ഉറപ്പില്ലാത്ത വാക്കു കേട്ട്, മുല്ലപ്പെരിയാര്‍ അപകടം ഒഴിവാക്കി പുതിയ ഡാമിന്റെ പണിയും പൂര്‍ത്തിയായി എന്ന മട്ടില്‍ സമരപ്പന്തലുകളിലെ കൊടിയഴിക്കാന്‍ തിരക്കു കൂട്ടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം പ്രധാന മന്ത്രി ചര്‍ച്ചക്കു വിളിച്ചപ്പോള്‍ വരാന്‍ തങ്ങള്‍ക്കു സൗകര്യമില്ലെന്നും പറഞ്ഞ് തോഴിക്കൊപ്പം ഊട്ടിയില്‍ സുഗവാസത്തിനു പോയ ജയലളിതക്കു വേണ്ടി വാദിക്കുകയാണ് ദില്ലിയില്‍ ചെന്ന കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് ശ്രീമാന്‍ മന്‍മോഹന്‍ സിംഗ് ചെയ്തെതെന്നാണ് അറിയുന്നത്.


കേന്ദ്രത്തിലെ അതിശക്തനായ എ.കെ ആന്റണിയെന്ന മലയാളി നേതാവിന് മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് മുപ്പതു ലക്ഷത്തിലേറെ ജനം മരിക്കുന്നതിലും വലുതാണോ മന്ത്രിക്കസേരയും പാര്‍ട്ടിയും? അദ്ദേഹം ഇടപെട്ടു എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതല്ലാതെ കാര്യമായി എന്തെങ്കിലും ചെയ്തു കാണുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഇരകളായി ജീവന്‍ വെടിയാനുള്ളവരല്ല കേരളീയരെന്നെങ്കിലും നേതാക്കള്‍ തിരിച്ചറിയണം. നിസാര കാര്യത്തിനു പോലും രാജി വച്ച ചരിത്രമുള്ള ആന്റണി ശക്തമായ ഭാഷയില്‍ പ്രതികരിച്ചാല്‍ തീരുന്നതേയുള്ളൂ മുല്ലപ്പെരിയാര്‍ വിഷയം. പക്ഷേ, അദ്ദേഹം മൃദുവായിപ്പോലും ഈ വിഷയം പറയാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയോ പന്തികേട് സംശയിക്കാം.


ഇവിടെ വിഷയം രാഷ്ട്രീയമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ വെള്ളപ്പാച്ചിലിനെ താങ്ങി നിര്‍ത്താന്‍ ഇടുക്കി അണക്കെട്ടിനു സാധിക്കില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അതായത്, നാലു ജില്ലകള്‍ ഇല്ലാതാകും. ഇനിയെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണം. തമിഴ്‌നാട് സമ്മതിക്കുന്നില്ലെങ്കില്‍ അതിനു മറ്റു മാര്‍ഗം തേടണം. സുപ്രീം കോടതിയില്‍ നിന്നുള്ള തീരുമാനം വരട്ടെയെന്ന് പറഞ്ഞ് കാത്തിരിക്കാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്ത് അധികാരക്കസേരയും സകല സൗഭാഗ്യങ്ങളും തന്ന് ഇരുത്തിയിരിക്കുന്നത്. ഉടന്‍ നടപടിയുണ്ടാകണം. ഇനിയും ഈ സമരവും ആശങ്കയും തുടര്‍ന്നു പോകരുത്.

ജനങ്ങള്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ഭരിക്കുന്നതെങ്കില്‍ മാത്രം ദയവായി നടപടിയെടുക്കുക.

3 അഭിപ്രായ(ങ്ങള്‍):

Pheonix പറഞ്ഞു...

good work. come here too..pheonixman0506.blogspot.com

അജ്ഞാതന്‍ പറഞ്ഞു...

പുരക്കു തീ പിടിക്കുമ്പോള്‍ വാഴ വെട്ടാന്‍ കാത്തിരിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. പൊതു ജനം എന്നും കഴുതകള്‍ തന്നെ.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

സുപ്രീം കോടതിയില്‍ നിന്നുള്ള തീരുമാനം വരട്ടെയെന്ന് പറഞ്ഞ് കാത്തിരിക്കാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്ത് അധികാരക്കസേരയും സകല സൗഭാഗ്യങ്ങളും തന്ന് ഇരുത്തിയിരിക്കുന്നത്. ഉടന്‍ നടപടിയുണ്ടാകണം. ഇനിയും ഈ സമരവും ആശങ്കയും തുടര്‍ന്നു പോകരുത്.